Saturday, July 12, 2008
200 പവനും കാറും
ഒരു ബുള്ള് ചായ ആക്രിക്കടക്കാരന് തോമാച്ചന്റെ മുന്നില്‍ കുത്തി നിര്‍ത്തി തിരിയുമ്പോഴാണ് ഓത്തുംകഴിഞ്ഞ് ഓടിച്ചാടി വരണ പാത്തൂനെ കാദ്രക്ക കണ്ടത്.
"ട്യേ പാത്തുട്ടീ നെനക്കെന്താ ഇത്ര സന്തോഷം. ഉസ്താദിന്റെ കൈയ്യീന്ന് ഇന്ന് തല്ലൊന്നും കിട്ടീലേ?”
“സൂറിത്താന്റെ കല്യാണല്ലേ ബരണേ.. ഇങ്ങള് മറന്നാ”. മുഖത്തേക്ക് ഉതിര്‍ന്നു വീണ തട്ടം നേരെയാക്കി കൊണ്ട് പാത്തുട്ടീ പറഞ്ഞു.
“ഓ മറന്നിട്ടൊന്നുമല്ല ...നെന്റെ സന്തോഷം കണ്ടാ കല്യാണം നെനക്കാന്നു തോന്നൂലോ”
“ഒന്നു പോ ഇക്കാ...ഇജ്ജ് ബെറ്തേ..” അവള്‍ക്ക് വല്ലാതെ നാണം വന്നു
“ഇന്നാടി ഇത് പിടിച്ചോ“ കടലാസില്‍ പൊതിഞ്ഞ പരിപ്പുവട അവള്‍ക്കുനേരെ നീട്ടി.
“ന്ക്ക് വേണ്ട കാദ്ര്ക്കാ..കൈയ്യ് മുയ്ക്കേ എണ്ണ്യാവും” പൊതി കൈയ്യില്‍ മുറുക്കേ പിടിച്ചോണ്ട് അവള് പറഞ്ഞു.
“പെരെല് അന്റെ വാപ്പ ഉണ്ടെങ്കീ ഇങ്ങട് വരാന്‍ പറ. മറക്കരുത്ട്ടാ”
“പറയിണ്ട് ന്നെ കൊന്നാലും ഞാന്‍ മറക്കൂലാ”
00000000
“അസ്സലാമുഅലൈക്കും”
“വ അലൈക്കുമുസ്സലാം“
“എന്താ കാര്യം കാദ്രക്കാ”
“അല്ലാ സൂറാന്റെ കല്യാണല്ലേ. ഒത്തിരി ചെലവില്ലേന്ന്..ദേ ഇത് പത്തായിരും റുപ്പ്യേണ്ട്. ന്റെ കയ്യില്‍ ഇത്രേള്ളൂ..“
“ങ്ങ്ടെ ബെല്യ മനസ്സിന് പെരുത്ത് നന്ദീണ്ട്. പക്ഷേങ്കി ഇതോണ്ടൊന്നും ഒന്നും ആവില്യാ കാദ്ര്ക്കാ..വീട്ടുപറമ്പ് പണയത്തിലാ..അല്ലാണ്ട് മ്മടെ കയ്യീ എവ്ട്ന്നാ കാശ്?“
“ഓള് കൊറെ പഠിച്ച കുട്ട്യല്ലേ. ജോലീംണ്ട്..പിന്നിങ്ങള്ക്കെന്താ എടങ്ങേറ്?”
“അതെന്ന്യാ എടങ്ങേറായത്... ഓള്‍ക്കൊരു പിടിവാശി..ഓള്ടൊത്ത ജോലീള്ളോരെ കെട്ടൂന്ന്. ങ്ങ്ക്ക് അറിയാലോ ഞമ്മടെ എടേല് നല്ല ജോലീള്ളൊര് പെരുത്തില്ലാന്ന്. ഒള്ളോരെയെല്ലാം കൊത്തിക്കൊണ്ടോവാന് ആള്ക്കാര് ക്യു നില്ക്കാ. ജോലിക്കാരൊക്കെ എത്രയാ സ്ത്രീധനം ചോയിക്കണത്?. സ്ത്രീധന ന്നുള്ള എടങ്ങേറില്ലാതെ ഒരുത്തീനെ നമ്മടെ എടേന്ന് എറക്കിവിടാന്‍ കഴിയുന്ന് തോന്നണ്ടാ ഇങ്ങള്ക്ക്?”
“ഇപ്പിള്ളോന് എങ്ങനീണ്ട്”
“അവന് എര്ണാളത്താ ജോലീത്രേ, ടി സി എസ്സില്‍ സോഫ്റ്റ്വെയര് എജീനീരാ..ബല്യാ പുള്ള്യാ മോള്‍ക്ക് ഓനെ പെരുത്തിഷ്ടായി”
“ഓനെത്രാ ചോയിക്കണേ?”
“200 പവനും പിന്നെ കാറും വേണന്നാ പറഞ്ഞേ”
“അതിത്തിരി കൂടുതല്ലല്ലേന്ന്.. ഇങ്ങള് ഗള്ഫീക്കെടന്ന് വിയര്‍പ്പൊഴുക്കി ഉണ്ടാക്കീതൊക്കെ ഇതോടെ പോവില്ലേ? പാത്തൂട്ടി വളര്‍ന്നു വരാ..അത് ജ്ജ് മറക്കണ്ടാ”
“ഇല്ല കാദ്ര്ക്കാ അതിന്ന് ഒരു വഴി കണ്ടു പിടിച്ചിരിക്കണ്. ഓളെ പത്തു കഴിഞ്ഞാല്‍ പഠിപ്പിക്കണില്യാ. അതാവുമ്പോള്‍ ഓള്ക്കൊത്ത ഒരാളെ കണ്ടു പിടിക്കാന്‍ വല്യാ വിഷമൊണ്ടാവില്യാലോ..അധികം സ്ത്രീധനം ചോയീക്കേല്യ....ഏത്? “
Subscribe to:
Post Comments (Atom)

2 comments:
ഊം..ആ ഐഡിയ കലക്കി...അപ്പൊ,പഠിച്ചില്ലെങ്കില്‍ സ്ത്രീധനം കൊടുക്കണ്ടേ?
നല്ല പോസ്റ്റ്...
മഴമേഘം,അടുത്ത പോസ്റ്റ് എന്നാ?
നല്ലകണ്ടു പിടുത്തം ഇങ്ങനെയുള്ള പത്തു അപ്പമാര്
ഉണ്ടായാല്‍ പെണ്‍കുട്ടികള്‍ വീണ്ടും പത്തന്പതു
കൊല്ലം പുറകോട്ട് പോകും,
Post a Comment