കാദറിന് നാട്ടില് ബീഡി തെറുപ്പായിരുന്നു. കാലത്തുമുതല്‍ വൈകുന്നേരം വരെ ഇരുന്നാലും കാദറിനും ഉമ്മാക്കും പള്ള നിറയ്കാനുള്ള വക കിട്ടുയിരുന്നില്ല. എങ്കിലും കളിക്കൂട്ടുകാരിയും കാമുകിയുമായ സിമിക്ക് ആവശ്യമുള്ള സുറുമയും മൈലാഞ്ചിയുമെല്ലാം മുറയ്ക്ക് വാങ്ങിക്കൊടുത്തു.
അയലത്തുള്ള ബീരാന്‍ ബാംഗ്ലൂരില് ബേക്കറി തുടങ്ങിയപ്പോ കാദറിനെയും ജോലിക്ക് വിളിച്ചു.
“ഞമ്മള്‍ പോയി കൊറേ കായ്ണ്ടാക്കി ബെരാം. അത് വരെ യ്യ് ന്നെ കാത്തിരിക്കുലേ”
“കാദ്രക്കാക്ക് ന്നെ ബിശ്വാസല്യേ” സിമിയുടെ കണ്ണുകള്‍ നിറഞ്ഞു.
വിരഹ വേദനകളെ കടിച്ചമര്‍ത്തി കാദര്‍ ബാംഗ്ലൂരിലേക്ക് തിരിച്ചു.
ആദ്യമായിട്ട് വീട്ടില്‍ നിന്ന് മാറി നില്‍ക്കണ ബേജാറില്‍ ആദ്യമെല്ലാം എല്ലാ ദിവസവും ഉമ്മാക്ക് ഫോണ്‍ ചെയ്തു. സിമിയുടെ ബാപ്പ (ഹറാമ്പറന്നോന്‍ എന്ന് കാദര്‍) വീട്ടിലുണ്ടാകാത്ത ഒരു ദിവസം പോലും ഇല്ലാത്തതിനാല്‍ അവിടേയ്ക്ക് വിളിക്കാന്‍ തുനിഞ്ഞില്ല.
ഫോണ്‍വിളികള്‍ കാലക്രമേണ രണ്ടു ദിവസത്തിലൊരിക്കല്‍, മൂന്നു ദിവസത്തിലൊരിക്കല്‍, ആഴ്ച്ചയിലൊരിക്കല്‍, പിന്നെ വല്ലപ്പോഴും എന്ന മട്ടായി.
അങ്ങനെയിരിക്കെയാണ് ബാംഗ്ലൂരില്‍ ബോംബ് പൊട്ടുന്നത്. ഉമ്മ ബേജാറാകേണ്ട എന്നു കരുതി കാദര്‍ അടുത്തുള്ള ടെലഫോണ്‍ ബൂത്തിലേക്ക് ഓടി.
നമ്പര്‍ ഡയല്‍ ചെയ്തു. ബീരാന്റെ ബീഡര് സോഫിയാണ് ഫോണ്‍ എടുത്തത്
“അലോ.. ദ് കാദ്രാ ബാംഗ്ലൂര്‍ന്ന് ഉമ്മാനെ ഒന്നു വിളിക്കോ സോഫീത്താ”
“ഒന്നു ഹോള്‍ഡ് ചെയ്യ് കാദ്രേ ഇപ്പം വിളിക്കാം” സോഫി പറഞ്ഞു.
കാദര്‍ ബില്ലിങ്ങ് മെഷീനില്‍ നോക്കി അക്ഷമനായി.
“അലോ ...കാദ്രേ” ഉമ്മായുടെ ശബ്ദം
“ഉമ്മാ..”
“അവിടെ എന്താണ്ടൊക്കെ എടങ്ങേറാണെന്നു സോഫീ പറഞ്ഞു. നീ സൂക്ശിക്കണം. പൊറത്തിറങ്ങണ്ടാട്ടാ”
“അല്ല ഉമ്മാ അത് പിന്നെ ജോലിയാകുമ്പോള്‍ പൊറത്തൊക്കെ പോകേണ്ടിവരും. പൊരയ്ക്കകത്ത് കുത്തീര്‍ന്നാ എങ്ങനാ കായ്ണ്ടാക്കാ”
“ജ്ജ് അറിഞ്ഞാ.. സിമീടെ നിക്കാഹ് ഒറപ്പിച്ച്”
“ങേ ...സിമീ.. അല്ല ഉമ്മാ..സത്യമാണോ....എനിക്ക്” ഗദ്ഗദം മൂലം വാക്കുകള്‍ മുറിഞ്ഞു. ഒരു നിമിഷത്തേക്ക് പഴയ പലതും ഓര്‍ത്തുപോയി.
ടക് ...ടക്... ചില്ലു വാതിലിന്‍മേലുള്ള തട്ട് കേട്ട് തിരിഞ്ഞു നോക്കുമ്പോള്‍ ആയുധധാരികളായ നിരവധി പോലീസുകാര്‍ . വാതില്‍ തുറന്നതും പോലീസുകാര്‍ ചാടിവീണ് കാദറിനെ ബന്ധനസ്ഥനാക്കി. പിസ്റ്റള്‍ കഴുത്തില്‍ അമര്‍ത്തിപ്പിടിച്ച് ഒരു പോലീസുകാരന്‍ ആക്രോശിച്ചു
“ങ്ഹും നീയപ്പോ അല്‍-ഉമ്മയില്‍ പെട്ടതാണല്ലേ. നിനക്ക് “സിമി”യുമായും ബന്ധമുണ്ടല്ലേ”
Sunday, October 5, 2008
Subscribe to:
Comments (Atom)
